Saturday, December 31, 2016

നിദാന ശോധകം

                                                    നിദാന ശോധകം (DIAGNOSTIC TEST)

             പഠിതാക്കള്‍ക്ക്പാഠൃപദ്ധതിയിലെ പ്രത്യേക ഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങള്‍, കഴിവില്ലായ്മകള്‍, പോരായ്മകള്‍, വിടവുകള്‍, തുടങ്ങിയവ നിര്‍ണ്ണയിക്കാനും അവ സുക്ഷ്മമായി പരിശോധിക്കാനും, പരിഹാര ബോധാനത്തിലൂടെ അവ അകറ്റാനും വേണ്ടി രൂപ കല്പന ചെയ്യുന്ന ശോധകമാണ് ' നിദാന ശോധകം' .

           നിദാന ശോധകത്തിന്‍റെ ധര്‍മ്മം, കുട്ടികള്‍ക്ക് നേരിടുന്ന പ്രയാസങ്ങളുടെ ശരിയായ സ്വഭാവം കണ്ടെത്തുകയും മോശമായ പഠന ഫലത്തിനുള്ള കാരണങ്ങള്‍ നിര്‍ണയിക്കുകയുമാണ് .

           നിദാന ശോധകത്തിന്‍റെ ഈ രീതിയിലുള്ള പ്രയോഗം രണ്ടു തലങ്ങളില്‍ പ്രസക്തമാണ്‌. 1. ഒരു പുതിയ പാഠ ഭാഗം അവതരിപ്പിക്കുന്നതിനു മുമ്പ് , 2. ഒരു പാഠ ഭാഗം പഠിപ്പിച്ചു കഴിഞ്ഞ്.

            ആദ്യത്തെ ഘട്ടത്തില്‍ വേണ്ടത്, പുതിയ പാഠ ഭാഗം പഠിപ്പിക്കുന്നത്തിന് ആവശ്യം വേണ്ട മുന്‍ ധാരണകളിലുള്ള അപര്യാപ്തതകളുടെ നിദാനമാണ്‌. ഈ രീതിയെ ' പഠന പൂര്‍വ്വ നിദാന നിര്‍ണ്ണയം' എന്ന് പറയുന്നു. ഇതിനായി നല്‍കുന്ന ശോധകത്തെ 'പഠന പൂര്‍വ നിദാന ശോധകം ' എന്നു പറയാം.

            രണ്ടാമത്തേത് പഠനാനന്തരം  അനുഭവപ്പെടുന്ന പ്രയാസങ്ങളുടെ നിദാന നിര്‍ണ്ണയമാണ്. ഇത് 'പഠനാനന്തര നിദാന നിര്‍ണ്ണയം' എന്നറിയപ്പെടുന്നു. ഇതിനായി നല്‍കുന്ന ശോധനത്തെ 'പഠനാനന്തര നിദാന ശോധകം'  എന്നും പറയാം.

            നിപുണ നിലവാരത്തിലുള്ള കാര്യക്ഷമമായ പഠനം നടക്കണമെങ്കില്‍ ഇവ രണ്ടും ആവശ്യമാണ്.

നിദാന ശോധക നിര്‍മ്മാണം

നിദാന ശോധകത്തിന്‍റെ  നിര്‍മ്മാണത്തില്‍ അഞ്ച് ഘട്ടങ്ങളാണുള്ളത്.

1. ഉദ്ദേശ്യാധിഷ്ഠിതമായ സംവിധാനം:

              സ്വാഭാവികമായിത്തന്നെ പ്രയാസങ്ങള്‍ ലീനമായിട്ടുള്ള പാഠ ഭാഗങ്ങള്‍ കണ്ടെത്തുകയാണ് ഇതിന്‍റെ  ഉദ്ദേശ്യം.  സുക്ഷ്മമായ അപഗ്രഥനത്തിലൂടെ പരിചയ സമ്പന്നരായ അദ്ധ്യാപകര്‍ക്ക് അത്തരം പാഠ ഭാഗങ്ങള്‍ കണ്ടെത്താനാകും. ഇവയ്ക്ക് ശോധനത്തില്‍ ആപേക്ഷിക പ്രാധാന്യം കൂടുതലായിരിക്കും.

2. പ്രസക്തമായ  പാഠൃ വസ്തുവിന്‍റെ അപഗ്രഥനം:

              ഉള്ളടക്കം സുക്ഷ്മമായി അപഗ്രഥിക്കണം. ഓരോ പാഠ ഭാഗവും പാഠ്യാംശങ്ങളാക്കി അവ വിവിധഘട്ടങ്ങളായി അപഗ്രഥിച്ചുകൊണ്ട് വേണം ഈ ഘട്ടത്തിന്‍റെ തയ്യാറെടുപ്പ്. ഈ ഘട്ടങ്ങളെ കാഠിന്യ നിലവാരത്തിന്‍റെയും യുക്തിപരമായ പൂര്‍വ്വാപര്യത്തിന്‍റെയും അടിസ്ഥാനത്തില്‍ ക്രമീകരിക്കണം.  അതിയായ ശ്രദ്ധയും ഉള്‍ക്കാഴ്ചയും വേണ്ട ഒരു കാര്യമാണിത്.

3. ചോദ്യങ്ങള്‍ എഴുതിയുണ്ടാക്കല്‍:

             അപഗ്രഥന ഫലമായി കണ്ടെത്തിയ എല്ലാ സുക്ഷ്മ ഘട്ടങ്ങളെയും ഉള്‍ക്കൊള്ളുമാറ് ചോദ്യങ്ങള്‍ നിര്‍മ്മിക്കുക. യുക്ത്യധിഷ്ഠിതമായ ക്രമവും കാഠിന്യ നിലവാരത്തിന്‍റെ തോതും ഒരേ സമയം പരിഗണിച്ചുകൊണ്ട് ചോദ്യങ്ങള്‍ ക്രമപ്പെടുത്തുക.

4. ചോദ്യങ്ങളെ ചെറിയ ഖണ്ഡങ്ങളാക്കി സമാഹരിക്കുക:

            ചിലപ്പോള്‍ ചോദ്യങ്ങളുടെ ആകെയെണ്ണം വളരെ വലുതായിരിക്കാം. അപ്പപ്പോള്‍ അവയെല്ലാം ചെയ്തു തീര്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും. ആ സാഹചര്യത്തില്‍ കുട്ടികളുടെ സൗകര്യത്തിനൊത്ത്  ഈ ഇനങ്ങളെ രണ്ടോ മൂന്നോ വിഭാഗങ്ങളായി തിരിക്കാം. ഇങ്ങനെ കിട്ടുന്ന ഓരോ ഉപശോധകവും വ്യത്യസ്ത സമയങ്ങളില്‍ നല്കുകയുമാവാം.

5. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ എഴുതിയുണ്ടാക്കുക:

           കുട്ടികള്‍ എന്ത്‌, എങ്ങനെ ചെയ്യണം എന്നതിനെ സംബന്ധിച്ച വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുണ്ട് .ഒരു ഇനത്തില്‍ പ്രയാസം തോന്നിയാല്‍ അതിനു വേണ്ടി കൂടുതല്‍ സമയം പാഴാക്കാതെ അടുത്തതിലേക്ക് കടക്കാനുള്ള നിര്‍ദ്ദേശവും കൂട്ടത്തില്‍ നല്‍കാവുന്നതാണ് .

നിദാന ശോധക ഫലങ്ങളടെ അപഗ്രഥനം


പ്രയാസങ്ങള്‍ നിലനില്‍ക്കുന്ന യഥാര്‍ത്ഥ പാഠ്യാംശങ്ങള്‍ ഏവയെന്നും ഓരോ പ്രയാസത്തിന്‍റേയും ശരിയായ സ്വഭാവമെന്തെന്നും കണ്ടെത്താന്‍ വേണ്ടി നിദാന ശോധക ഫലങ്ങളെ അപഗ്രഥിക്കേണ്ടതുണ്ട്. ഇത് ശോധകം എഴുതിയ സംഘത്തിന്‍റെ കാര്യത്തിലും, ഓരോ പഠിതാവിന്‍റെ  കാര്യത്തിലും നടത്തണം. സംഘത്തിന് സാമാന്യമായുള്ള പ്രയാസങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് വ്യക്ത്യാധിഷ്ഠിത നിദാന നിര്‍ണ്ണയത്തിന്‍റെ  ലക്‌ഷ്യം.
 ഈ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രയാസത്തിന്‍റേയും കാരണം നിര്‍ണ്ണയിക്കേണ്ടതുണ്ട്. അനുഭവ സമ്പത്തിന്‍റെ  ഫലമായി നേടുന്ന നൈപുണ്യവും ഭാവനയും അവശ്യം വേണ്ട ഒരു പ്രക്രിയയാണ്‌.

പരിഹാര ബോധനം നിദാന ശോധകം നൽകി ഫലം അപഗ്രഥിച്ച് നിദാന നിർണ്ണയം നടത്തി കഴി ഞ്ഞാൽ ഉടൻ അവലംബിക്കേണ്ട നടപടിയാണ് പരിഹാര ബോധനം.  പരിഹാര ബോധാനത്തിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടത്. ഉദ്ദേശിക്കുന്ന നിദാന നിര്‍ണയത്തതിന്‍റെ  വ്യാപ്തിക്കും സംഘങ്ങളില്‍ കാണപ്പെട്ട പ്രയാസങ്ങളുടെ വിതരണ സ്വഭാവത്തിനും അനുസരിച്ച് സംഘതിഷ്ഠിതമോ വ്യക്ത്യാധിഷ്ഠിതമോ ആകാം പരിഹാര പരിപാടികള്‍.

കണ്ടെത്തിയ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അനുയോജ്യമായ കൂടുതല്‍ പഠനാനുഭവങ്ങളാണ് നല്‍കേണ്ടത്. ഇത്തരം പഠനാനുഭാവങ്ങളുടെ സ്വഭാവം സാമാന്യമായി നിര്‍ദ്ദേശിക്കാന്‍ കഴിയുകയുമില്ല. പ്രയാസത്തിന്‍റേയും കാരണത്തിന്‍റേയും  പ്രത്യേകതയെ ആശ്രയിച്ചാവണം പരിഹാര പരിപാടികള്‍ സ്വീകരിക്കാന്‍. വിജയകരമായ രീതിയില്‍ നല്‍കുന്ന അനുഭവങ്ങളിലൂടെ പിന്നോക്കക്കാരായ പഠിതാക്കളുടെ ആത്മ വിശ്വാസത്തിന്‍റെ  ഉദ്ദീപനത്തിനും, സ്വത്വത്തിന്‍റെ  ഉദ്ഗ്രഥനത്തിനും സഹായകമായ ഒരു മഹത് സേവനമാണ് അദ്ധ്യാപകര്‍ക്ക് നല്‍കാന്‍ കഴിയുന്നത്.

പ്രശ്ന മേഖല


അദ്ധ്യാപക പരിശീലനത്തിന്‍റെ ഭാഗമായി ഞാന്‍ ............. വിദ്യാലയത്തില്‍ ..... തരം .... ല്‍ പഠിപ്പിക്കുവാന്‍ നിയുക്തയായി.  ഒരു ഏകകം (യൂണിറ്റ്) പഠിപ്പിച്ചതിനു ശേഷം ആ ഏകകത്തിലെ പാഠങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പരീക്ഷ നടത്തുകയുണ്ടായി. ആ പരീക്ഷയില്‍ 80 ശതമാനം കുട്ടികളും വ്യാകരണത്തിലെ 'സന്ധികള്‍' എഴുതുക എന്ന ചോദ്യത്തിന്‍റെ ഉത്തരം തെറ്റിച്ചതായി ശ്രദ്ധയില്‍പെട്ടു. കുട്ടികള്‍ ഈ ഭാഗം തെറ്റിക്കാനുള്ള കാരണം കണ്ടെത്തേണ്ടതും ആ പ്രശ്നം പരിഹരിക്കേണ്ടതുമുണ്ടെന്ന് ബോധ്യമായതിനാല്‍ സന്ധികള്‍ എന്ന ഭാഗത്തെ  നിദാന ശോധകത്തിനുള്ള വിഷയമാകുകയും ആ ഭാഗത്തെ വിവിധ ഘടകങ്ങളാക്കി തിരിച്ച് അതിനെ അടിസ്ഥാനമാക്കി ഒരു ചോദ്യാവലി തയ്യാറാക്കുകയും ചെയ്തു.

നിദാന ശോധകം

വിഷയം: മലയാളം
 ഏകകം:
ക്ലാസ്:
ഡിവിഷന്‍:


നിര്‍ദ്ദേശങ്ങള്‍

1.  ഈ പരീക്ഷയില്‍ നിങ്ങളുടെ വിജയ പരാജയങ്ങളുമായി ഒരു ബന്ധവുമില്ല. നിങ്ങളുടെ പ്രയാസങ്ങള്‍ കണ്ടെത്തി അവയുടെ പരിഹാരത്തിന് നിങ്ങളെ സഹായിക്കാന്‍ അദ്ധ്യാപകര്‍ ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുക എന്നതു മാത്രമാണ് ഇതിന്‍റെ  ലക്‌ഷ്യം.

2. ഇതിനു സമയ പരിധിയില്ല.

ചോദ്യങ്ങള്‍

1. വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ അവയ്ക്കുണ്ടാകുന്ന മാറ്റത്തിന് ---------- എന്ന് പറയുന്നു.

* വിഭക്തി , * സന്ധി, * സമാസം

2. മലയാളത്തില്‍ എത്ര സന്ധികളുണ്ട് ?

* നാല് , * അഞ്ച് , * ആറ്

3. സന്ധി ചെയ്യുമ്പോള്‍ ഒരു വര്‍ണ്ണം പോയി മറ്റൊരു വര്‍ണ്ണം വന്നു ചേരുന്നതിന് ---------- എന്ന് പറയുന്നു.

* ലോപസന്ധി, * ആഗമസന്ധി, *ആദേശസന്ധി
4. കരി+ഇല എന്നത് ഏതു സന്ധിയാണ് ?

*ആഗമസന്ധി, *ദിത്വസന്ധി, *ലോപസന്ധി
5. ദിത്വ സന്ധിയില്‍ രണ്ടു വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒരു വര്‍ണ്ണം -------.

*ലോപിക്കുന്നു, *ഇരട്ടിക്കുന്നു, * മാറ്റമൊന്നും ഇല്ല
6. അല്ല + എങ്കില്‍ = അല്ലെങ്കില്‍ ഇവിടെ എന്താണ് ലോപിച്ചത്?

*അ , * എ, * ഇ

7. ശരിയായത് തിരഞ്ഞെടുക്കുക.

* വനത്തില്‍ = വന+ ത്തില്‍
* വനത്തില്‍ = വന+ ഇല്‍
* വനത്തില്‍ = വനം+ഇല്‍

8.  ദ്വന്ദ സമാസത്തില്‍ --------- നടക്കുകയില്ല

* ലോപം, *ആഗമം, *ദ്വിതം

9. ഇരുമ്പ്+അഴി ഇവിടെ ഏതു പദമാണ്  പിരിച്ചെഴുതുന്നത്?

*ഇരുമ്പഴി, *ഇരുംപഴി,* ഇരുന്‍പഴി

10.     -------+ചിത്രം = ചലച്ചിത്രം

* ചല, *ചലത്, *ചലച്

പരിഹാരം

നിദാന ശോധകം പരിശോധിച്ചതിനു ശേഷം കുറച്ചു കുട്ടികള്‍ക്ക് മാത്രമേ വ്യാകരണ ഭാഗം ക്ലേശകരമായിരുന്നുള്ളു എന്ന്‍ ബോധ്യപ്പെട്ടു. സിദ്ധി ശോധകത്തിലെ ചോദ്യങ്ങള്‍ മനസ്സിലാകാത്തതോ പഠിപ്പിക്കുമ്പോള്‍ വേണ്ടത്ര ഉദാഹരണങ്ങള്‍ നല്‍കാത്തതോ ആയിരിക്കാം ഉത്തരങ്ങള്‍ തെറ്റിക്കാന്‍ കാരണമായത്.നിദാന ശോധകം അര്‍ത്ഥ വ്യാപ്തി  വരുത്തിയും കൂടുതല്‍ ഉദാഹരണങ്ങള്‍ നല്കിയുമാണ് തയ്യാറാക്കിയത്. ആയതിനാല്‍ ബഹു ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ശരിയായ ഉത്തരങ്ങള്‍ എഴുതി. തുടര്‍ന്നും ഉത്തരങ്ങള്‍ തെറ്റിച്ചവര്‍ക്ക് വ്യക്തിപരമായി വ്യാകരണ ഭാഗം വിശദീകരിച്ചു കൊടുക്കുകയും കൂടുതല്‍ ഉദാഹരണങ്ങള്‍ നല്‍കുകയും ചെയ്തു.

ഉപസംഹാരം

നിദാന ശോധകം വിദ്യാര്‍ത്ഥികളുടെ പഠന കാര്യത്തില്‍ വളരെയധികം ഗുണം ചെയ്യുന്നു. പ്രധാനമായും വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാഹ്യമാകാത്ത പാഠ ഭാഗങ്ങള്‍
കണ്ടെത്തുവാനും പരിഹാര മാര്‍ഗ്ഗങ്ങളിലൂടെ അവരെ സഹായിക്കുവാനും ഇതിലൂടെ സാധിക്കുന്നു. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുവാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും കൂടുതല്‍ തല്പരരാക്കുവാനും അധ്യാപികക്ക് ഇത്തരം മാര്‍ഗ്ഗങ്ങള്‍ സഹായകമാണ്. അതുകൊണ്ട് തന്നെ നിദാന ശോധകം ബോധനത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാകുന്നു.No comments:

Post a Comment